കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രി ജില്ലാ ആശുപത്രിയായി ഗ്രേഡ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും അമ്പതിനായിരത്തിൽപരം ആളുകൾ ഒപ്പ് ശേഖരിച്ച് കേരള മുഖ്യമന്ത്രിക്കു നൽകുവാൻ കരുനാഗപ്പള്ളിയിൽ നടന്ന വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചു.
കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ നൂറുകണക്കിന് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞിരിക്കുകയാണ്. കേരളത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഉള്ളതുപോലെ ഒന്നിലധികം ഓപ്പറേഷൻ തിയേറ്ററുകൾ കരുനാഗപ്പള്ളി ഗവൺമെ ന്റ്ആശുപത്രിയിൽ ഉണ്ട്. എല്ലാ സജീകരണങ്ങളും അടങ്ങിയ ലബോറട്ടറിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ ജില്ലാ ആശുപത്രിയായി ഉയർത്തണം.
നൂറോ, കാർഡിയോളജി വിഭാഗങ്ങൾ ആരംഭിക്കണം. ഡോക്ടർമാരുടെയും സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കണം. ഹരിപ്പാടിനും ചവറയ്ക്കുമിടയിൽ നാഷണൽ ഹൈവേ സൈഡിലുള്ള ഏറ്റവും വലിയ ആശുപത്രി എന്ന നിലയിൽ ഒരു ആക്സിഡന്റ് ഉണ്ടായാൽ കൊണ്ടുവരുന്ന രോഗികൾക്ക് ചികിത്സ ലഭിക്കണെമെങ്കിൽ ഓർത്തോ, സർജൻ, ഫിസിഷൻ എന്നീ ഡോക്ടർമാർ ആവശ്യമാണ്.
അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക, ബ്ലഡ് ബാങ്ക് ആരംഭിക്കുക, എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കരുനാഗപ്പള്ളിയിലെ അമ്പതിനായിരത്തിൽപരം ആളുകളെ നേരിൽകണ്ട് ഒപ്പുകൾ രേഖപ്പെടുത്തി ഭീമഹർജി നൽകുവാൻ തീരുമാനിച്ചത്.
സാംസ്കാരിക സാമൂഹിക സംഘടനങ്ങളുടെ കൂട്ടായ്മയിൽ ഡോ.ബി.ആർ അംബേദ്കർ സ്റ്റഡി സെന്റർ പ്രസിഡന്റ് ബോബൻ ജി. നാഥ് അധ്യക്ഷത വഹിച്ചു. ചൂളൂർ ഷാനി, മുബാഷ്തൊടിയൂർ, അജി ലൗലാന്റ്, സന്ദു രാജ്, അഖിൽ അരവിന്ദ്, ഡോളി. എസ്, അനില ബോബൻ, ശംഭു വേണുഗോപാൽ, അജീസ് എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി പൗരസമിതി, വോയിസ് ഓഫ് ഇടക്കുളങ്ങര, നെഹ്റു സാംസ്കാരിക വേദി, ഉമ്മൻചാണ്ടി പാലിയേറ്റീവ് കെയർ, ഡോ.ബി.ആർ അംബേദ്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.